History

ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവൺമെന്റ് അധികൃതർ, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. 1923 – ൽ കണ്ണാടിയുറുമ്പിൽ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കൽ ചാക്കോച്ചനിൽനിന്നും ഇപ്പോൾ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടിൽ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂൾ മാറ്റിസ്ഥാപിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സിൽനിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മർഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവർ മുന്നോട്ടുവന്നു.
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളിൽ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കൽ ബ.അന്ത്രയോസച്ചൻ, കണ്ണംകുളത്ത് ബ. ഫ്രാൻസീസച്ചൻ എന്നിവർ പണം, സാധനം, അധ്വാനം എന്നിവ നൽകി സഹായിച്ചു. കത്തോലിക്ക വിദ്യാർത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാർ.സെബാസ്റ്റ്യ൯ വയലിൻ, റവ. ഫാ.ജോസഫ് പൊരുന്നോലിൽ, റവ.ഫാ.ബൽത്താസർ C.M.I, മാസ്റ്റർ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടൻ കളപ്പുര എന്നിവർ പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രൽ, ളാലം പഴയ പളളി, ളാലം പുത്തൻ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചിൽ കാത്തലിക് സ്റ്റുഡൻസ് യൂണിയൻ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ' എന്ന പേരിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളിൽ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തിൽ ഹൈകോർട്ട് ജഡ്ജി ശ്രീ.രാമൻ തമ്പി ആദ്ധ്യ£w വഹിച്ചു.

                                                  സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മർഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു. 1930 -ൽ(കൊ.വ.1105 -ൽ) പണി പൂർത്തിയായി. 1105 -ൽ തന്നെ ഫോർത്തുഫോം തുടങ്ങാൻ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവർകൾ എട്ടു വർഷത്തെ സ്തുത്വർഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ൽ ശ്രീമതി മേരി ജോസഫ് ഇലവുങ്കൽ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂൾ വർഷത്തിൽ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂൾ യാഥാർത്ഥ്യമായിത്തീർന്നു. 1931 -ൽ ഫിഫ്¯v ഫോമും 1932 -ൽ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂർണ്ണഹൈസ്കൂളായി. 1935 – '36 സ്കൂൾ വർഷത്തിൽ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂൾ ഫൈനൽ പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.

                                                                                           പ്രൈമറി സ്കൂളിന്റെ ആരംഭം
1936 -ജൂൺ മാസത്തിൽ തൊട്ടിയിൽ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂർണ്ണ പ്രൈമറി സ്കൂൾ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേൽ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചർ. മഠത്തിന്റെ മുൻവശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തിൽ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണർ കെട്ടിക്കുകയും പുറംഭാഗം മതിൽ തീർത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയിൽ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാർച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ൽ ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂൾ ആരംഭിച്ചു.

                                                                                                      രജതജൂബിലി
1946 -ൽ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂർത്തിയായി. അന്ന് മാനേജരായിരുന്ന മോൺ.ഫിലിപ്പ് വാലിയിൽ, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വർണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തിൽ തൃശൂർ രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോർജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷൻ മാർ. ബൊനവഞ്ചർ ആരാന എന്നിവർ ദിവ്യബലിയർപ്പിച്ചു. പരിശുദ്ധകുർബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂർവ്വം നടത്തി. ശ്രീമാൻ.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. വിവധ കലാപരിപാടികൾ സമ്മേളനത്തെ മോടിപിടിപ്പിച്ചു.

                                                                                               രജതജൂബിലിക്കുശേഷം
സമർത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേൽനോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതൽ ഉണ്ടായി. 1962 -ൽ 31 വർഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ സർവ്വീസിൽനിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ചു. 1964 -ൽ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ ആയിരുന്നു ഹെഡാ മിസ്ട്രസ്.

                                                                                                  കനകജൂബിലി
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോൾ ആവിവരം ഹെഡ് മിസ്ട്രസ് മദർ മേരി ലെയോയും മദർ സുപ്പീരിയർ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങൾക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപൻപ്ലാക്കൽ അവർകളുടെ ആദ്ധ്യക്ഷതയിൽ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാൻ ജെ.കാപ്പൻ, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പിൽ, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു. 1972 – ഫെബ്രു. 27,28,29 മാർച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങൾ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -ാം തീയതി നടന്നു. ഫെബ്രു. 29 -ാം തീയതി നടന്ന സമ്മേളനത്തിൽ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂൾ വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകർഷിച്ചു. മാർച്ച് 1 -ാം തീയതി നടന്ന സമാപനസമ്മേളനത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യക്്യം വഹിച്ചു. പാലാ ബിഷപ്പ് മാർ.സെബാസ്റ്റ്യ൯ വയലിൽ, എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ. കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സമാപനസമ്മേളനത്തെ ധന്യമാക്കി.